
സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ
- എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളിൽ ഇത് തുടക്കം കുറിക്കും. അടുത്ത വർഷം ജനുവരി 1 മുതൽ 283 ഷോപ്പുകളിലും ഇത് ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു.

എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. നടപടിയിൽ കുടുംബശ്രീയുടെ സഹായവും ഉണ്ടാകും. പ്രത്യേക കൗണ്ടറുകളിലായിരിക്കും കുപ്പികൾ സ്വീകരിക്കുക. ക്ലീൻ കേരള കമ്പനിയുമായി ചേർന്നാണ് കുപ്പികൾ സ്വീകരിക്കുന്നത്. നിലവിൽ മദ്യം വാങ്ങുന്ന ഷോപ്പിൽ മാത്രമേ ആ കുപ്പി തിരികെ നൽകാൻ കഴിയുള്ളൂ. അതുപോലെ തന്നെ ബിവറേജിൽ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഒക്ടോബർ 1 മുതൽ 15, 20 രൂപയുടെ ബാഗുകൾ നൽകും. പേപ്പറിൽ പൊതിഞ്ഞ് നൽകുന്ന രീതി ഇനി മുതൽ ഉണ്ടായിരിക്കുന്നതല്ല.