സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന്  മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

  • പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന്
വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. വിഷയത്തിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ ഖേദമുണ്ടെന്ന് പറഞ്ഞ മന്ത്രി, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും അഭ്യർഥിച്ചു.

വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്. മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരം. പകൽ സമയത്തും രാത്രി സമയത്തുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രധാന പ്രശ്‌നങ്ങൾക്ക് കാരണം. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതി ലഭ്യമാകുകയും അത് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നുണ്ടെങ്കിലും, രാത്രി സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.യൂണിറ്റിന് 10 രൂപ മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ല. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ഉയർന്ന വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുമ്പോഴേക്കും ലഭിക്കുന്ന ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെടുകയാണ്. മുൻകൂട്ടിയുള്ള കരാറുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തുകയും അവരുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ബോർഡ് ശ്രമിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )