
സിനിമയ്ക്ക് പ്രദർശന വിലക്കില്ല അഫാന്റെ പിതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
- വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിൻ്റെ ഹർജിയാണ് കോടതി തള്ളിയത്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് പ്രദർശന വിലക്കില്ല. സിനിമ റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിൻ്റെ ഹർജിയാണ് കോടതി തള്ളിയത്. കേസിൽ വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

സിനിമ റിലീസ് ചെയ്യുന്നത് തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും റഹീം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സിനിമ കേസിന്റെ വിചാരണയെ ബാധിക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രസാദ് നൂറനാട് ആണ് ‘കാലം പറഞ്ഞ കഥ’ സംവിധാനം ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥ എഴുതിയിരിക്കുന്നത്.
