
സ്വാതന്ത്ര്യ ദിന ക്വിസ് വിവാദം;കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
- അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി വ്യക്തമാക്കി.
കാസർകോട്: കാസർകോട് ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തത് പ്രാഥമിക നടപടിയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി എൻ ഷംസുദ്ദീൻ. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകും. പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ്. അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപെട്ട ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിലാണ് വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ടത്.

സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.
