
ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലുണ്ടായ റൈഡ് അപകടത്തിന് പിന്നാലെ പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ
- . ഇപ്പോൾ അപകടത്തിൽപ്പെട്ട സ്വിങ് ചെയർ 2022-ലും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു എന്ന പോലീസ് കണ്ടെത്തി.
തിരുവനന്തപുരം :വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലുണ്ടായ റൈഡ് അപകടത്തിന് പിന്നാലെ പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പാർക്കിലെ സ്വിങ് ചെയർ തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.ഇതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോൾ അപകടത്തിൽപ്പെട്ട സ്വിങ് ചെയർ 2022-ലും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു എന്ന പോലീസ് കണ്ടെത്തി. ഒരു തവണ അപകടമുണ്ടായിട്ടും ഈ ഉപകരണത്തിന് വീണ്ടും എങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നത് വലിയ ചോദ്യമുയർത്തുന്നു.

നിയമപ്രകാരം ഓരോ റൈഡിലും എത്രപേർ കയറുന്നു, എത്ര സമയം പ്രവർത്തിക്കുന്നു തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തേണ്ട രജിസ്റ്ററുകൾ ഹാപ്പി ലാൻഡിൽ സൂക്ഷിച്ചിരുന്നില്ല. ഈ അടിസ്ഥാന രേഖകൾ പോലുമില്ലാതെയാണ് റൈഡുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സേഫ്റ്റി ഗാർഡുകളോ, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ആംബുലൻസ് സൗകര്യമോ പാർക്കിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ പോലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. പോലീസും ഫയർഫോഴ്സും ഉടൻ തന്നെ വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
