
ഹ്യൂമൻ മെറ്റന്യൂമോവൈറസ്; പ്രതിരോധിക്കാൻ രാജ്യം സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം
- ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ
ന്യൂഡൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) പ്രതിരോധിക്കാൻ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കാര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടക്കമുള്ള രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ വിദഗ്‌ധർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അണുബാധ കേസുകളിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്.

എച്ച്.എം.പി.വി പോലുള്ള വൈറസുകളുടെ വ്യാപനമുണ്ടെന്ന് രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.നിലവിലുള്ള ആരോഗ്യ സംവിധാനം വഴി എച്ച്.എം.പി.വി പ്രതിരോധിക്കാൻ കഴിയും. ശുചിത്വം പാലിക്കുന്നതും രോഗലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യോപദേശം തേടുന്നതും ഉൾപ്പെടെയുള്ള സാധാരണ ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു.