
ആചാര പെരുമയുടെ താളവും മേളവും കുടമാറ്റവുമായി തൃശൂർപൂരം
- തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹർഷാരവത്തോടെയാണ് പൂരപ്രേമികൾ സ്വീകരിച്ചത്
തൃശൂർ : ആചാര പെരുമയുടെ താളവും മേളവും കുടമാറ്റവുമായി പൂരംകൂടി തൃശൂർ. വെടിക്കെട്ട് വേണ്ടെന്ന് വെച്ചും കുടമാറ്റത്തിന്റെ ദൈർഘ്യം കുറച്ചും ആർഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം തെല്ലും കുറഞ്ഞില്ല. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹർഷാരവത്തോടെയാണ് പൂരപ്രേമികൾ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വർണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയർത്തിയത്. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വർണ വിസ്മയമായി കുടമാറ്റം നടന്നത്. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗവും മത്സരിച്ചത്.ഇലഞ്ഞിത്തറ മേളം അവസാനിച്ചതിന് പിന്നാലെ വൈകിട്ട് അഞ്ചോടെയാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗത്തിന്റെ തെക്കോട്ടിറക്കമായിരുന്നു ആദ്യം.

തൃശൂർ കോർപ്പറേഷന് മുന്നിലെ ശക്തൻ പ്രതിമയിൽ വലം വെച്ച് പാറമേക്കാവ് കുടമാറ്റത്തിനായി തയ്യാറായി. തൊട്ടു പിന്നാലെ തെക്കോട്ടിറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖമായി കുടകൾ ഉയർത്താൻ തിരുവമ്പാടിയും തയ്യാറായി. തുടർന്ന് വൈകിട്ട് ആറിന് കുടമാറ്റം ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് കുടമാറ്റത്തിനിടയിലും കണ്ണീരോർമ്മയായി വെടിക്കെട്ട് ദുരന്തം മാറി. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുടകളുടെ എണ്ണത്തിൽ കുറവ് എങ്കിലും 20 മിനുട്ടോളം മാറിയ വന്ന വർണ്ണ കുടകളിലെ പകിട്ടിൽ പതിനായിരങ്ങൾ ആരവം ഉയർത്തി. ഇനി രാത്രി പൂരത്തിന് ആയുള്ള കാത്തിരിപ്പാണ്. വെടിക്കെട്ട് പുര അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്.
