ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

  • ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു

തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.ജനലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുതുപ്പള്ളി ഹൗസിൽ നിന്നും ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ചു.
അന്ന് ജനസാഗരത്തെ സാക്ഷിയാക്കി സഹപ്രവർത്തകർക്കൊപ്പം താനും ആ യാത്രയെഅനുഗമിച്ചിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.

‘ഉമ്മൻ ചാണ്ടി’യാകുക എന്നത് മറ്റാർക്കും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. എന്നാൽ,സാധാരണക്കാരെ ചേർത്തുപിടിക്കുക എന്നത് ഓരോ പൊതുപ്രവർത്തകന്റെയും കടമയാണെന്നാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്.ഉമ്മൻ ചാണ്ടി സാർ ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ, അദ്ദേഹത്തെപ്പോലെ ആകാനാണ് ഞാൻ ശ്രമിക്കുന്നത്. അവസാന ആശ്രയമായി നമ്മെ തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ‘ഉമ്മൻ ചാണ്ടി’യാകുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്,”- വി.ഡി. സതീശൻ കുറിച്ചു. കേരള രാഷ്ട്രീയത്തിൽ ജനസമ്പർക്ക പരിപാടികളിലൂടെ ചരിത്രം സൃഷ്ടിച്ച, ജനങ്ങൾക്കിടയിൽ ജീവിച്ച ആ വലിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപിചുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )