
ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ വാഹനം അടിച്ച് തകർത്ത് അജ്ഞാത സംഘം
- പനവൂരിലെ വാടക വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ച് തകർത്ത നിലയിൽ കാണപ്പെട്ടത്
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ വാഹനം അടിച്ച് തകർത്ത് അജ്ഞാത സംഘം. ഇന്ന് പുലർച്ചെയാണ് സംഭവം. പനവൂരിലെ വാടക വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ച് തകർത്ത നിലയിൽ കാണപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുഞ്ഞിന്റെ കൊലപാതകത്തിൽ അഷ്കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.

പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തിൽ ദീർഘനാളായി ഇയാൾ കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തിൽ ആണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞ് അർഷിദ് നേരിട്ടത് കൊടും പീഡനമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു
