
കാർഷിക മേഖലയ്ക്ക് തണലാവാതെ അഗ്രോ സർവീസ് സെന്റർ
- നിലമുഴാനുള്ള ടില്ലറുകൾ ഏഴെണ്ണം പ്രവർത്തനരഹിതമാണ്. സ്വകാര്യയന്ത്രങ്ങളെക്കാൾ വാടക കുറവായിരുന്നതിനാൽ ആവ ശ്യക്കാരുണ്ടായിരുന്നവയാണ് നശിക്കുന്നത്.
പേരാമ്പ്ര: കാർഷിക മേഖലയെ സംരക്ഷിച്ചു നിർത്താനാണ് ചെറുവണ്ണൂർ മാതൃകാ അഗ്രോ സർവീസ് സെന്റർ തുടങ്ങിയത്. എന്നാൽ കാർഷിക പ്രവർത്തികൾക്ക് ആവശ്യമായ കൊയ്ത്തുയന്ത്രം ഒന്നരവർഷമായി ഉപയോഗിക്കാനാവുന്നില്ല. സെന്ററിലെ മറ്റു യന്ത്രങ്ങളും തകരാറിലായി കിടക്കുകയാണ്. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ നന്നാക്കാനാകുന്ന യന്ത്രങ്ങൾ വരെ വെറുതേ കിടപ്പാണ്.
പല യന്ത്രങ്ങളും താർപായ വലിച്ചുകെട്ടിയ സ്ഥലത്ത് മഴയും വെയിലും കൊള്ളുകയാണ്. രണ്ടുവീതം ട്രാക്ടറും മിനിട്രാക്ടറും ഉള്ളതിൽ ഓരോ എണ്ണം വീതം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഇതിൽത്തന്നെ പാടത്ത് ട്രാക്ടർ ഇപ്പോൾ കൊണ്ടുപോകുന്നില്ല. കുറ്റിക്കാടുകൾ വെട്ടാനുള്ള യന്ത്രം ഏഴെണ്ണമുള്ളതിൽ ആറെണ്ണവും നശിച്ച നിലയിലാണ്. നിലമുഴാനുള്ള ടില്ലറുകൾ ഏഴെണ്ണം പ്രവർത്തനരഹിതമാണ്. സ്വകാര്യയന്ത്രങ്ങളെക്കാൾ വാടക കുറവായിരുന്നതിനാൽ ആവശ്യക്കാരുണ്ടായിരുന്നവയാണ് ഇങ്ങനെ നശിക്കുന്നത്.
കൃഷിവകുപ്പിൻ്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും മേൽനോട്ടത്തിലാണ് അഗ്രോ സെന്ററിന്റെ പ്രവർത്തനം. ചെറുവണ്ണൂരിലെ കൃഷി ഭവനിൽ കൃഷി ഓഫീസറില്ല. സ്ഥലംമാറിപ്പോയതിനു ശേഷം പുതിയ നിയമനമായിട്ടില്ല. അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനത്തിനെതിരേ ഒരുവർഷം മുമ്പ് ഏറെ പരാതികൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെ ബ്ലോക്ക്തലത്തിൽ കമ്മിറ്റി ചേർന്ന് പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരമാനിക്കുകയും ചെയ്തു. യന്ത്രങ്ങൾ നന്നാക്കാനും ഫെസിലിറ്റേറ്ററെ നിയമിക്കാനും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്.