
കോഴിക്കോട്- വയനാട് തുരങ്കപാത; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
- നിർമാണം ജൂലൈയിൽ
- ആനക്കാംപൊയിൽ നിന്ന് ആരംഭിച്ച് വയനാട് കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് തുരങ്കപാത
കോഴിക്കോട് :കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രവർത്തി പൂർത്തിയായി. നിർമാണം ജൂലൈയിൽ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ നൽകിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന ഒരാഴ്ചക്കകം പൂർത്തിയാകും.

8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാതയുടെ നിർമാണം. 300 മീറ്റർ ഇടവിട്ട് ക്രോസ്വേകളുണ്ടാവും.അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതം നിലയ്ക്കാതിരിക്കാനാണ് ഇവ നിർമ്മിക്കുന്നത്.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് തുരങ്കപാത.
മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തു നിന്നാണ് തുരങ്കം ആരംഭിക്കുക.
കോഴിക്കോട് ജില്ലയിൽ 45 പേരുടെ 10.25 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.
ഇതിൽ 42 പേരുടെ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
ഇനി രേഖകൾ കൈമാറുന്ന നടപടി മാത്രമാണ് ശേഷിക്കുന്നത്.

മൂന്ന് ഭൂവുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ചാണ് തർക്കമുണ്ടായിരുന്നത്.
ഇതിൽ രണ്ടുപേർ നഷ്ടപരിഹാരം വാങ്ങാൻ സന്നദ്ധത അറിയിച്ചു.
പ്രവൃത്തി ആരംഭിക്കുന്നതോടെ ശേഷിക്കുന്ന രണ്ടുകേസുകളും പരിഹരിക്കാനായേക്കുമെന്നാണ് വിലയിരുത്തൽ. വയനാട് ജില്ലയിൽ ഭൂമിയുടെ വില നിർണയിക്കുന്ന നടപടി പൂർത്തിയായി.11 ഭൂവുടമകളുടെ ആധാരം റവന്യു വകുപ്പിന് കൈമാറലാണ് ഇപ്പോൾ ശേഷിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് പ്രഖ്യാപിച്ചത്. നാലുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.

പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തുരങ്കപാതയ്ക്ക് പ്രാഥമിക അനുമതി നൽകിയത്. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുന്നത് .
ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ് 17.263 ഹെക്ടർ ഭൂമിയിൽ മരം നടുന്നത്. ഇത് പിന്നീട് റിസർവ് വനമായി വിജ്ഞാപനംചെയ്യും. ഇതിനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.