
ഗവർണറുടെ നടപടി:പിഎസ്സി അടിയന്തിര യോഗം ചേരും
- മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും.
തിരുവനന്തപുരം : പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശുപാർശയ്ക്ക് പിന്നാലെ ഇന്ന് പിഎസ്സി അടിയന്തിര യോഗം ചേരും. ഗവർണറുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും.ഇതിന് പുറമേ പരീക്ഷ തട്ടിപ്പിൽ മുതിർന്ന പിഎസ്സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാർ, എസ്.എ സെയിഫ് എന്നിവരോട് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും. ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം.

പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണറുടെ നീക്കം.പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. അതേസമയം സംഭവത്തിൽ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തുവന്നിരുന്നു. ഗവർണർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും ആർഎസ്എസുകാരനായി പ്രവർത്തിക്കാൻ ഗവർണർ സ്ഥാനത്തിരുന്ന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
