
സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ ആവിർഭവ് അപൂർവ സംഗീതപ്രതിഭ-കാവുംവട്ടം ആനന്ദ് മാസ്റ്റർ
- ശിഷ്യനും ഗുരുവിനും അനുമോദനപ്രവാഹമാണ്
കോഴിക്കാേട്: സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിന്നറായ ആവിർഭവ് കേരളത്തിന്റെ കയ്യടി നേടുകയാണ് ഇപ്പോൾ. ഒരസാധാരണ സംഗീത പ്രതിഭയാണ് ഈ കൊച്ചുമിടുക്കാൻ എന്ന് ആവിർഭവിന്റെ സംഗീത ഗുരു കാവുംവട്ടം ആനന്ദ് മാസ്റ്റർ കെ ഫയലിനോട് പറഞ്ഞു.
അപൂർവ സിദ്ധിയുള്ള കുട്ടിയാണ് അവൻ. ഒരു പാട്ട്, ഒരു നോട്ട് ഒരുതവണ കേട്ടാൽ മതി, അത് ഹൃദിസ്ഥമാക്കി, ഗംഭീരമായി അവതരിപ്പിക്കും.അത് പെർഫെക്ട് ആയിരിക്കും. ശിഷ്യനെക്കുറിച്ച് ആനന്ദ് മാസ്റ്റർ പറയുന്നു.

“വളരെപ്പെട്ടെന്ന് ഹിന്ദിയൊക്കെ പഠിച്ചു നോർത് ഇന്ത്യൻ കുട്ടികളോടാണ് അവൻ മത്സരിച്ചത്. അവന്റെ ജന്മസിദ്ധിയാണ് ഈ നേട്ടത്തിന് പിന്നിൽ. ഞാൻ ഒരു വഴികാട്ടി മാത്രമാണ്. പാട്ടുകൾ സെലക്ട് ചെയ്യാൻ, അവതരണത്തിൽ ചില കറക്ഷൻ വരുത്താനും ഉപദേശിച്ചു. ബാക്കിയെല്ലാം അവന്റെ ടാലന്റ്. ആവിർഭവിന്റെ ഈ നേട്ടത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം”- ആനന്ദ് മാസ്റ്റർ പറയുന്നു.
ഇടുക്കി സ്വദേശിയാണ് ആവിർഭവെന്ന ഏഴു വയസ്സുകാരൻ. ആവിർഭാവിന്റെ സഹോദരി അനിർവിന്യയും ഗായികയാണ്. കൊയിലാണ്ടി സ്വദേശിയായ കാവുംവട്ടം ആനന്ദ് മാസ്റ്റർ സംഗീതം പഠിപ്പിക്കുന്ന ഉള്ളിയേരിയിലെ സ്വസ്തിയിലാണ് ആദ്യം ആവിർഭവ് പഠിക്കാൻ എത്തിയിരുന്നത്. ഇപ്പോൾ പഠനം ഓൺലൈൻ ആയാണ്.
10 ലക്ഷം രൂപയാണ് ആവിർഭവിന് സമ്മാനമായി ലഭിക്കുക.

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. 14 വയസ്സുവരെ പ്രായമുള്ളവർക്കായിരുന്നു സോണി ടിവിയിലെ മത്സരം. 15 പേരാേട് മത്സരിച്ചാണ് ആവിർഭവ് കിരീടം ചൂടിയത്. ആജാ മേരി ജാൻ, മേരേ രംഗ് മേ, ആജാഷാം ഹോനായി എന്നീ പാട്ടുകളാണ് ഫൈനൽ മത്സരത്തിൽ പാടിയത്.