
തമിഴ്നാട്ടിൽ രാഷ്ട്രീയ നീക്കം ; ടിവികെയ്ക്ക് പിന്തുണയുമായി സിപിഐ
- തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടിവികെയെ ക്ഷണിക്കണമെന്നും നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ അവർക്ക് അവസരം നൽകണമെന്നും സിപിഐ ഗവർണറോട് ആവശ്യപ്പെട്ടു.
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ തുടരുന്നതിനിടെ നടൻ വിജയയുടെ പാർട്ടിയായ ടിവികെയ്ക്ക് പിന്തുണയുമായി സിപിഐ രംഗത്തെത്തി. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടിവികെയെ ക്ഷണിക്കണമെന്നും നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ അവർക്ക് അവസരം നൽകണമെന്നും സിപിഐ ഗവർണറോട് ആവശ്യപ്പെട്ടു. ടിവികെ നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറുമായി 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വിജയ് അവകാശപ്പെട്ടു.ഏറ്റവും വലിയ ഒറ്റകക്ഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമ്പോൾ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധികൾ അനുസരിച്ച് എംഎൽഎമാരുടെ പട്ടിക ഹാജരാക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് അവർക്കൊപ്പമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും ഔദ്യോഗിക നിലപാട് നാളെ ചേരുന്ന നേതൃയോഗങ്ങൾക്ക് ശേഷമേ പ്രഖ്യാപിക്കൂ എങ്കിലും സിപിഐ ഇപ്പോൾ ടിവികെയ്ക്ക് പരോക്ഷ പിന്തുണ നൽകിയിരിക്കുകയാണ്.
CATEGORIES News
