
താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം
- ജനങ്ങൾ ആശങ്കയിൽ
താമരശ്ശേരി: അടിവാരത്ത് കടുവയെ കണ്ടതായി സംശയം. കണലാട് അബ്ദുൽ സലീം, മകൻ അമീൻ അൽത്താഫ് എന്നിവരാണ് കടുവയെ കണ്ടുവെന്നു പറഞ്ഞത്.ഇവർ പറഞ്ഞത് വീട്ടുമുറ്റത്തുനിന്നു കടുവ കയറിപ്പോയെന്നാണ്. കടുവയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ കാൽപ്പാട് കടുവയുടേതല്ലെന്നും മറ്റേതെങ്കിലും ജീവിയുടേതാകാമെന്നും അറിയിച്ചു.

അതേസമയം, കടുവയെ പിടികൂടാൻ കൂടു സ്ഥാപിക്കണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. ചുരത്തിലൂടെ യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രക്കാരും കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. തുടർന്ന് വനംവകുപ്പ് കടുവയെ നിരീക്ഷിക്കാൻ രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, കടുവയെ കണ്ടെത്താനായില്ല എന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. അതിനിടെയാണ് നാട്ടുകാർ കടുവയെ കണ്ടെന്നു പറയുന്നത് .ഇതോടെ ജനങ്ങൾ ഭീതിയിലാണ് .