
തൂങ്ങുംപുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
- ഷൂട്ടർ ചന്ദ്രമോഹനെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു
മുക്കം: മുക്കം നഗരസഭയിലെ തൂങ്ങും പുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെ ഏകദേശം ഒൻപതരയോടെയാണ് പന്നി കിണറ്റിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉരുളൻ കുന്നുമ്മൽ അബ്ദുറഹീമിൻ്റെ വീട്ടിലെ കിണറ്റിൽ വീണ പന്നിയെയാണ് വെടി വെച്ചുകൊന്നത്.വീട്ടുകാർ കിണറ്റിൽ നിന്ന് ശബ്ദംകേട്ട് നോക്കുകയായിരുന്നു.
നഗരസഭാ കൗൺസിലറെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.അഗ്നിരക്ഷാസേന എത്തുകയും പന്നിയെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് കരയ്ക്ക് കയറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് വനംവകുപ്പിന്റെ അനുമതിയോടെ മുക്കം നഗരസഭയിലെ എം.പാനൽ ഷൂട്ടർ ചന്ദ്ര മോഹനെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
പ്രദേശത്ത് കാട്ടുപന്നിശല്യം കൂടുതലാണെന്നും വ്യാപകമായ രീതിയിൽ കൃഷി നശിപ്പിക്കുന്നുണ്ടെന്നും കാട്ടുപന്നി ശല്യത്തിന് അധികൃതർ പരിഹാരം കാണണമെന്നും വീട്ടുകാരനും കർഷകനുമായ അബ്ദുറഹിമാൻ പറഞ്ഞു. നഗരസഭാ കൗൺസിലർ റുബീനയുടെ സാന്നിധ്യത്തിൽ കിണറ്റിൽ നിന്നെടുത്ത പന്നിയെ തൊട്ടടുത്ത പറമ്പിൽ സംസ്കരിച്ചു.