
പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യം തള്ളി പ്രതിഷേധിച്ചു
- ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം ആഴ്ചകളായി വീടിന് മുന്നിൽനിന്ന് നീക്കം ചെയ്യാത്തതിനാലാണ് പ്രതിഷേധം
മാവൂർ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാറാണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ മാലിന്യച്ചാക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽകൊണ്ടുവെച്ചത്. വീട്ടിൽനിന്ന് പ്ലാസ്റ്റിക് കവറു കൾ അടക്കമുള്ള മാലിന്യം ശേഖരിച്ച് ആഴ്ചകളായിട്ടും വീടിൻ്റെ മുൻപിൽനിന്നും എടുത്തുകൊണ്ടുപോകാൻ ഹരിത കർമസേന തയ്യാറായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒട്ടേറെ തവണ ഇവരോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞിട്ടും തയ്യാറാവാത്തതിനെ ത്തുടർന്നാണ് പ്രതിഷേധം എന്ന നിലയിൽ മുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ചത്. ഇങ്ങനെ ഇവർ സംഭരിച്ച് കൊണ്ടുവെക്കുന്ന മാലിന്യച്ചാക്കുകൾ തെരുവുനായ കളും കാക്കയും മറ്റും കൊത്തി വലിച്ച് പറമ്പിലും റോഡിലും മുഴുവൻ കൊണ്ടിടുകയാണെന്നും ഇതുകാരണം തെരുവുനായ്ക്കളുടെ ശല്യവും വളരെയധികം കൂടുതലാണെന്നും ജയകുമാർ പറഞ്ഞു.