
പൊതു തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
- വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിന്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്
തിരുവനന്തപുരം:അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളിൽ തന്നെ പൊതു തെരെഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിന്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചു.മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു.

പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടതായും പിണറായി വിജയൻ പറഞ്ഞു.വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകലും, സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫിനായി.
