പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവം;കുഞ്ഞിനെ വേണ്ടെന്ന് യുവതി സിഡബ്ല്യുസിയെ അറിയിച്ചു

പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവം;കുഞ്ഞിനെ വേണ്ടെന്ന് യുവതി സിഡബ്ല്യുസിയെ അറിയിച്ചു

  • യുവതി ആശുപത്രിവിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി)യെ അറിയിച്ചു. ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണ് എന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്തായി അയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതും പ്രസവിച്ചതുമൊന്നും അയാൾ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്.വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളള യുവതിയെ അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടിൽ തന്നെയുണ്ടായിരുന്നു.

യുവതി ആശുപത്രിവിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ അറുപത് ദിവസം പരിചരിക്കും. ഈ സമയം വരെ കുഞ്ഞിനെ അമ്മയ്ക്ക് വേണമെങ്കിൽ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാൽ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാൽ അമ്മയ്ക്ക് അവകാശമുന്നയിക്കാനാവില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )