
പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയുടെ 100-ാം ദിനത്തോടനുബന്ധിച്ചുള്ള സാരി വിതരണം എല്ലാ ഡിപ്പോയിലുമില്ലെന്ന് കെഎസ്ആർടിസി
- പരിപാടിയുടെ ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മാത്രമാണ് വിതരണമുണ്ടാവുകയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു
തിരുവനന്തപുരം:‘പ്രിയദർശിനി’സ്ത്രീ സൗജന്യയാത്രയുടെ 100-ാം ദിനത്തോടനുബന്ധിച്ചുള്ള സാരി വിതരണം എല്ലാ ഡിപ്പോയിലുമില്ലെന്ന് കെഎസ്ആർടിസി. പരിപാടിയുടെ ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മാത്രമാണ് വിതരണമുണ്ടാവുകയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെയാണ് 100 ദിവസം പൂർത്തിയാകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നുമായിരുന്നു റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് തമ്പാനൂരിൽ മാത്രമാണ് വിതരണമെന്ന് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.

രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണം ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
