
മദ്രസയുടെ കാര്യത്തിൽ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ സുപ്രീം കോടതി
- കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു
ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് മതവിഭാഗങ്ങൾക്കും വിലക്ക് ബാധകമാണോയെന്നും മദ്രസയുടെ കാര്യത്തിൽ മാത്രമെന്താണ് ആശങ്കയെന്നും കോടതി ചോദിച്ചു. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. മദ്രസകളുടെ കാര്യത്തിൽ മാത്രമാണോ ആശങ്കയെന്നും സന്യാസി മഠങ്ങളിലും മറ്റും കുട്ടികളെ അയക്കുന്നതിനെതിരേ നിർദേശമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു.