
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സർക്കാർ
- സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം.
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതായാണ് വിവരം.മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിൻ്റെ ഈ നിർണായക നടപടി.

വർഷങ്ങൾക്ക് മുമ്പ് അന്വേഷിച്ച് തീർപ്പാക്കിയ കേസിൻ്റെ ഫയലുകളാണ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി വീണ്ടും തുറക്കുന്നത്. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തല കേസിന്റെ രേഖകൾ വിശദമായി പരിശോധിച്ചിരുന്നു. അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്ന് അന്ന് ഗ്യാനേഷിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നുവെങ്കിലും മറ്റ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല.2007ൽ വിജിലൻസും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണ് ഗ്യാനേഷ് കുമാറിന് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കുന്നത്. എന്നാൽ, 2007ലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും അന്വേഷിക്കാൻ പരാതി ഉയർന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പുതിയ നീക്കം.
