
വി ഡി സതീശൻ സർക്കാർ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്
- ബോർഡ്, കോർപ്പറേഷൻ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത.
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്. രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം. ബോർഡ്, കോർപ്പറേഷൻ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. സർക്കാർ- പാർട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്. പ്രധാന ബോർഡുകളും കോർപ്പറേഷനുകളുമാണ് ഘടകക്ഷികൾ ലക്ഷ്യമിടുന്നത്. ഭരണ പരിഷ്കാര കമ്മീഷന് വേണ്ടി മുസ്ലിം ലീഗും കേരളാകോൺഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. കെടിഡിസിയിലും വനിതാ കമ്മീഷൻ ചെയർമാൻ പദവിയിലേക്കും ചരടുവലി നടക്കുന്നുണ്ട്.

പിഎസ്‌സിയിലും വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലും വിവരാവകാശ കമ്മീഷനിലും കെഎഫ്‌സിയിലും ഘടകകക്ഷികൾ തമ്മിൽ ചർച്ചയുണ്ടാകും. ബോർഡ് -കോർപ്പറേഷൻ പ്രാഥമിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഘടകകക്ഷികളുമായി പ്രത്യേകം ചർച്ച നടത്താനാണ് കോൺഗ്രസ് തീരുമാനം. കൂടുതൽ ബോർഡുകളും കോർപ്പറേഷനും ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കം.
