
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി
- പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും, മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.വാഗമണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണി മരിച്ചു.ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.

ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല.ശക്തമായ മഴ കാരണമുണ്ടായ വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം മോങ്ങത്തും, കോഴിക്കോട് ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറി. മലപ്പുറം വടക്കേമണ്ണമലയിലുണ്ടായ മണ്ണിടിച്ചിലിൽ മലപ്പുറം കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു.പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
