
സരൾ ബില്ലിനെതിരെ ജി സുധാകരൻ ; പിന്തുണച്ച് പ്രതിപക്ഷം
- മുഖ്യമന്ത്രി ഈ ബില്ലിനെ കുറിച്ച് വേണ്ടത്ര പഠിച്ചിട്ടില്ലെന്നും ഇതിന്റെ ആപത്ത് ഈ സർക്കാരിന്റെ കാലത്തുതന്നെ മനസിലാകുമെന്നും ജി സുധാകരൻ പറഞ്ഞു
തിരുവനന്തപുരം : സർക്കാരിന്റെ സരൾ ബില്ലിനെതിരെ ജി സുധാകരൻ. സരൾ ബിൽ ഈ രൂപത്തിൽ നടപ്പിലാക്കരുതെന്നും നമ്മുടെ കൃഷി ഭൂമി നഷ്ടപ്പെടുമെന്നും ജി സുധാകരൻ പറഞ്ഞു. ഈ ബില്ലിലെ നിർദ്ദേശങ്ങൾ കുട്ടിക്കളിയല്ല. ഇത് സരളമെന്ന് തോന്നാമെങ്കിലും കരാള ബില്ലാണ്. മുഖ്യമന്ത്രി .ഈ ബില്ലിനെ കുറിച്ച് വേണ്ടത്ര പഠിച്ചിട്ടില്ലെന്നും ഇതിന്റെ ആപത്ത് ഈ സർക്കാരിന്റെ കാലത്തുതന്നെ മനസിലാകുമെന്നും ജി സുധാകരൻ പറഞ്ഞു. ‘ബിൽ പാസായാൽ വനപ്രദേശങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും എണ്ണം കുറയും. സരൾ കുട്ടിക്കളി അല്ല. ഇത് സാധാരണ ബില്ല് അല്ല. കുട്ടനാട്ടിൽനെൽവയൽ സംരക്ഷണത്തിനുവേണ്ടി സമരം ചെയ്തത ആളാണ് ഞാൻ. ഇത് കേൾക്കുന്ന പോലെ സരളമില്ല, കരാള ബിൽ ആണ്. മന്ത്രി വാക്കാൽ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.മുഖ്യമന്ത്രി നന്നായി പഠിക്കുന്ന ആളാണ്. പക്ഷേ മുഖ്യമന്ത്രി ബില്ല് ശരിക്ക് പഠിച്ചിട്ടില്ല. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇതിൻ്റെ അപകടം ഉണ്ടാകും.

നാടിന് ആത്യന്തികമായി ഇത് ദോഷം ചെയ്യും. നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പുണ്ടോ എന്നും സുധാകരൻ ചോദിച്ചു. ജി.സുധാകരന് വേണ്ടി കൈ ഉയർത്തി പ്രതിപക്ഷം രംഗത്തെത്തി. സുധാകരന്റെ ഭേദഗതി നിർദ്ദേശത്തെ പിന്തുണച്ച് കെ രാജൻ എംഎൽഎ രംഗത്തെത്തി. സുധാകരൻ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ് വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളും സുധാകരന്റെ ഭേദഗതിയെ അനുകൂലിച്ചു. ബില്ല് പാസായാൽ തണ്ണീർ തടങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മറുപടി നൽകി.കരുതൽ ഉണ്ടാകും. ഭൂമി വിട്ടുകൊടുക്കണമെന്ന് നിർബന്ധമില്ല. ആർക്കും ഒരു സെൻ്റ് സ്ഥലം പോലും നഷ്ടമാകില്ല നെൽവയൽ ആണെങ്കിൽ നികത്തുന്നത് തടയാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ടാകും. അവ നോക്കാതെ എവിടെയും അനുമതി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകി.
