
അങ്കണവാടി, ഐസിഡിഎസ് ജീവനക്കാർക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ
.സംസ്ഥാനത്ത് 33120 അങ്കണവാടി വർക്കമാർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കും ഫോൺ ലഭിക്കുക.
തിരുവനന്തപുരം: അങ്കണവാടി, ഐസിഡിഎസ് ജീവനക്കാർക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. 35,291 സ്മാർട്ട് ഫോണുകൾ വാങ്ങാനാണ് അനുമതി നൽകിയത്. ഇതിനായി 41.64 കോടി രൂപ ചെലവിടും.സംസ്ഥാനത്ത് 33120 അങ്കണവാടി വർക്കമാർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കും ഫോൺ ലഭിക്കുക. 692 എണ്ണം ബഫർ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11800 രൂപയാണ് സർക്കാർ ചെലവിടുക.മാസങ്ങളായുള്ള അങ്കണവാടി ജീവനക്കാരുടെ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പലപ്പോഴും ഫോൺ തടസപ്പെടുന്നതുമൂലം ജീവനക്കാർ വലിയ ബുദ്ധിമുട്ടിലായിരുന്നു. തുടർന്ന് ഇക്കാര്യം മന്ത്രി ബിന്ദുകൃഷ്ണയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജീവനക്കാർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ സർക്കാർ തീരുമാനിച്ചത്.

പോഷൺ ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് ഫോർജി ഫോണും, സിമ്മുമാണ് കേന്ദ്രസർക്കാർ നൽകിയത്. കൃത്യമായി നെറ്റ്വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്. ഇത് കാരണം ഫോൺ ഹാങ്ങ് ആവുകയും പുതിയ ഫോൺ വാങ്ങുന്നതിന് ലോൺ എടുക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
