
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കരിയാത്തുംപാറ
- മലബാറിന്റെ തേക്കടിയും ഊട്ടിയുമാണ് കരിയാത്തുംപാറ.
- ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം.
- ശുചിമുറി പ്രവർത്തനരഹിതം.
കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കരിയാത്തുംപാറ. മലബാറിന്റെ തേക്കടിയെന്നും ഊട്ടിയെന്നും വിളിപ്പേരുള്ള ടൂറിസം കേന്ദ്രമാണിത്. വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും കരിയാത്തുംപാറയിൽ അടിസ്ഥാനസൗകര്യമില്ലെന്ന പരാതി ഉയരുകയാണ്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏറ്റവുംകൂടുതൽപ്പേരെത്തുന്ന പ്രദേശമായ കരിയാത്തുംപാറ. എന്നിട്ടും
അനുബന്ധ സൗകര്യങ്ങളൊരുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ആവശ്യത്തിന് ശൗചാലയസൗകര്യം പോലും ഇവിടെയില്ല. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്ഥലത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് വലിയ ദുരിതമാണ്. പ്രതിഷേധമുയർന്നതിനെ തുടർന്ന് കഴിഞ്ഞദിവസം ശൗചാലയം തുറന്നുനൽകി.
ടിക്കറ്റ് ഇനത്തിൽ ഒരാൾക്ക് 30 രൂപ തോതിൽ തുക ഈടാക്കിയിട്ടും സ്ഥലത്തെത്തുന്ന ടൂറിസ്റ്റുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഒരുക്കുന്നില്ലെന്ന പരാതി ഉയർന്നിട്ട് വർഷങ്ങളായി.
വാഹനപാർക്കിങ് സൗകര്യവും വളരെ കുറവാണ്. ഇതുകാരണം പ്രദേശത്തെ വീടുകളിലേക്കുള്ള വഴികൾപോലും തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട അവസ്ഥയാണിപ്പോൾ.
പ്രദേശത്തേക്കുള്ള റോഡ് തകർന്നതും റോഡിന്റെ ഇരുഭാഗങ്ങളും കാടുമൂടിയതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ജില്ലാപഞ്ചായത്ത് റോഡ് നവീകരണത്തിന് 30- ലക്ഷം രൂപ അനുവദിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ റോഡ് പണി വൈകുകയാണ്. ഇത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കുന്നുമുണ്ട്.