
അതിശക്തമായ മഴയ്ക്കു സാധ്യത;വടക്കൻ ജില്ലകളിൽ മഴ കനക്കും
- തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്.

പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ 31.43 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി കല്ലാർ ഉൾപ്പെടെ വിവിധ ഡാമുകൾ തുറന്നു. മിന്നൽ പ്രളയത്തിൽ റാന്നി ടൗൺ മുങ്ങി. പമ്പ, അച്ചൻകോവിൽ, മണിയാർ,കല്ലടയാർ എന്നീ നദികൾ കരകവിഞ്ഞു.
