
അത്തം പിറന്നു; ഓണം വിപണിയും ഉണർവിൽ
- കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില
കോഴിക്കോട്: മലയാളക്കരയിൽ ഓണപ്പൂവിളിയുമായി അത്തം പിറന്നു.
പൊന്നോണത്തെ വരവേൽക്കാനായി ഓണപ്പുക്കളുമായി വിപണിയും സജീവം.
ഓണക്കാലത്ത് പൂക്കളം തീർക്കാനുള്ള പൂക്കളുടെ വരവ് ബുധനാഴ്ച തന്നെ
അങ്ങാടികൾക്ക് ഉണർവേകി. പാളയത്ത് ലോഡുകളായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെത്തിത്തുടങ്ങി.
അയൽ ജില്ലകളായ മലപ്പുറം, കണ്ണൂർ എന്നിവടങ്ങളിലേക്ക് പൂക്കൾ കൊണ്ടുപോവാൻ ചെറുകിട കച്ചവടക്കാർ പാളയത്തേക്കാണ് എത്തുന്നത്.കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കാര്യമായി പൂക്കളെത്തുന്നത്. ഇവിടെ താൽക്കാലികമായി ഉയർന്ന മൊത്ത വിപണന കേന്ദ്രങ്ങളിൽ അത്തത്തലേന്നുതന്നെ പൂക്കൾ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ്. മാർക്കറ്റിലും തളി റോഡിലും വിൽപ്പന തകൃതിയാണ്. കഴിഞ്ഞ കൊല്ലത്തേക്കാൾ പൂക്കൾക്ക് വില കൂടിയിട്ടുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യയിൽ ഈയാഴ്ച വിനായക ചതുർഥി ആഘോഷങ്ങൾ
കഴിയുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയെന്നും കച്ചവടക്കാർ.

കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില. മഞ്ഞ, ഓറഞ്ച് ചെട്ടിപ്പൂക്കൾ ക്ക് 80 രൂപയാണ് കിലോക്ക് മൊത്തവില. വിവിധ നിറത്തിലുള്ള ഡാലിയ ഇന ത്തിലുള്ളവയ്ക്ക് 200 മുതൽ 240 രൂപ വരെയുണ്ട്. ചെറിയ റോസിന് 240 രൂപ വരെ നൽകണം. വാടാമല്ലി, മഞ്ഞ റോസാപ്പൂക്കൾ, അരളി, സീനിയ തുടങ്ങിയവ യെല്ലാം വിൽപനയ്ക്കുണ്ട്. മൊത്തവിപണിയിൽനിന്ന് വാങ്ങി വിവിധയിനം പൂക്കൾ ഒന്നിച്ച് കവറിലിട്ട് 100 രൂപ വരെ ഈടാക്കിയാണ് ചില്ലറ വിൽപന. സർക്കാർ സഹായത്തോടെ ഓണം ലക്ഷ്യമിട്ടുള്ള പൂക്കൃഷിയിൽ ഉൽപാദിപ്പിച്ച പൂ ക്കളും ഉടൻ വിപണിയിലിറങ്ങും. ചെട്ടിപ്പൂക്കളാണ് ഇവയിലധികവും. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും ഓണത്തിരക്കാണ്.