
അർബുദത്തോട് കലഹിച്ച് കോഴിക്കോടിനെ സന്തോഷ നഗരമാക്കാൻ ശ്രമിച്ച പ്രിൻസിന് വിട നൽകി നാട്
- കോഴിക്കോട് നഗരത്തെ ഫെസ്റ്റിവൽ നഗരമാക്കാനുള്ള തിരക്കിലായിരുന്നു പ്രിൻസ്
അരിക്കുളം:അർബുദത്താേട് പൊരുതിനിൽക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കണ്ണുനീർ മായ്ക്കാനായിരുന്നു പ്രിൻസിന് ഇഷ്ടം . രോഗത്തോട് പൊരുതുമ്പോഴും കോഴിക്കോടിനെ സന്തോഷത്തിന്‍റെ നഗരമാക്കാനുള്ള പദ്ധതികളുമായി പ്രിന്‍സ് പ്രവർത്തിച്ചു. സന്തോഷം മാത്രം ആഗ്രഹിച്ച പ്രിന്‍സിന്‍റെ വിട വാങ്ങൽ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും.
പനിയെത്തുടർന്ന് പ്രിൻസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കൊയിലാണ്ടി ജെമിനി സ്റ്റുഡിയോയുടെ ഉടമയും ഫോട്ടോഗ്രാഫറുമായിരുന്ന അച്ഛൻ രാധാകൃഷ്ണനെപോലെ മകനും ഫോട്ടോഗ്രാഫി പാതയാണ് പിന്തുടർന്നിരുന്നത്. ചലച്ചിത്രതാരങ്ങളുടെ ഫോട്ടോകൾ അടക്കം പ്രിൻസ് ധാരാളം ഫോട്ടോകൾ എടുത്തിട്ടുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫർ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.കൂടാതെ കോഴിക്കോട് നഗരത്തെ ഹാപ്പിനെസ്സ് നഗരമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രിൻസും കൂട്ടുകാരും. യുവകൂട്ടായ്‌മകൾ ചേർന്ന് മാർച്ചിൽ കോഴിക്കോട് ബീച്ചിൽ പരിപാടികൾ സംഘടിപ്പിച്ച് കോഴിക്കോട് നഗരത്തെ ഫെസ്റ്റിവൽ നഗരമാക്കാനുള്ള തിരക്കിലായിരുന്നു പ്രിൻസ്.
പ്രിൻസിന്റെ അച്ഛൻ കിഡ്നി സംബന്ധിച്ച രോഗത്തെതുടർന്ന് മരിക്കുകയായിരുന്നു.പ്രിൻസിന്റെ അമ്മയും കാൻസർ ബാധിച്ചാണ് മരിച്ചത്. അമ്മയുടെ മരണവും പ്രിൻസിനെയും സഹോദരനെയും തളർത്തിയിരുന്നു. പിന്നീടാണ് പ്രിൻസിനും കാൻസർ സ്ഥിതീകരിച്ചത്.
പ്രിൻസിന്റെ ചികിൽസയ്ക്കായി നാട്ടുകാർ കൈകോർത്തിരുന്നു.