
ആധുനിക കാലഘട്ടത്തിൽ മാനവികതയുടെ സന്ദേശം പകർന്ന് ജോട്ട ജോട്ടി
- എംഎൽഎ ടി പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
നടുവത്തൂർ : ആഗോള അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ജോട്ടാ ജോട്ടി പരിപാടിയിൽ കേരള സംസ്ഥാനത്തെ സ്കൗട്ട് ഗൈഡുകൾ പങ്കാളികളായി. ബി കെ എൻ എം യുപി സ്കൂൾ സ്റ്റേറ്റ് ഹബ്ബായി പ്രവർത്തിച്ചുകൊണ്ടാണ് ജോട്ട ജോട്ടി നടന്നത്. സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിലിന്റെ അധ്യക്ഷതയിൽ എംഎൽഎ ടി പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ (സ്കൗട്ട്സ് ) സി പി ബാബുരാജൻ പരിപാടി വിശദീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജീവ് പി ജി, പിടിഎ പ്രസിഡന്റ് സജീന ചന്ദ്രൻ, കെ എം എ അസീസ് തുടങ്ങിയവർ സംസാരിച്ചു.
സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ (ഗൈഡ്സ് ) ഷീല ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ധനുഷ് ജനാർദ്ദനന്റെ നേതൃത്വത്തിൽ ഉള്ള സ്റ്റേറ്റ് മീഡിയ ടീമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 180 ഓളം രാജ്യങ്ങളിലെ സ്കൗട്ട് ഗൈഡുകളും ആയി സംവദിക്കുവാൻ പരിപാടിയിൽ പങ്കെടുത്തവർക്ക് സാധിച്ചു. ആഗോള അടിസ്ഥാനത്തിൽ ഒക്ടോബർ 18 മുതൽ 20 വരെയാണ് ജോട്ട ജോട്ടി സംഘടിപ്പിക്കുന്നത്.