
ആരോട് പറയാൻ-ഹരിതകർമസേന ശേഖരിച്ച മാലിന്യം റോഡരികിൽ
- കൂട്ടിയിട്ടിട്ട് മാസങ്ങളായി
- മൂക്കു പൊത്തി പ്രദേശവാസികൾ
നന്മണ്ട: വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് റോഡരികിൽ കൂട്ടിയിട്ടിട്ട് മാസങ്ങളായെന്നും പരാതി. മാലിന്യം നീക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വീടുകളിൽനിന്ന് 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 100 രൂപയും സമാഹരിച്ചാണ് ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നത്. മൂന്നു മാസത്തിലേറെയായി മാലിന്യച്ചാക്കുകൾ റോഡിൽതന്നെയാണെന്നാണ്. കാറ്റ് വീശുമ്പോൾ ദുർഗന്ധം ശ്വസിച്ച് ജനങ്ങൾ മടുത്തിരിക്കുകയാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാക്കകളും മറ്റു പക്ഷികളും ചാക്കുകളിലെ മാലിന്യം കൊത്തിയെടുത്ത് ശുദ്ധജലസ്രോതസ്സിൽ കൊണ്ടിടുന്നത് കുടിവെള്ളം മുട്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്. മഴക്കാലം തുടങ്ങിയതുകൊണ്ട് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടനെത്തന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
