
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
- ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്
ന്യൂഡൽഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായം ഒരുക്കുന്നത്. രാജ്യത്തെ വ്യവസായ രംഗങ്ങളിൽ നിന്നുള്ളവർ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സർക്കാരിനോട് പങ്കുവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചില കാര്യങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. 50 ശതമാനം അധിക തീരുവയുടെ ആഘാതമേറ്റ കമ്പനികളെ സംരക്ഷിക്കാൻ ആ പാക്കേജ് എന്തായാലും കൊണ്ടുവരും. രാജ്യത്തെ കയറ്റുമതിക്കാരെ വരൾച്ചയിലേക്ക് സർക്കാരിന് തള്ളിവിടാനാവില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.