
ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ
- ആലിമൂലയിൽ ജോർജിൻ്റെ തകർന്ന വീട് ഇപ്പോഴും അതേ നിലയിൽ
വിലങ്ങാട് ; ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായ 31 പേരിൽ 29 പേർക്ക് സർക്കാർ സഹായമായി 15 ലക്ഷം രൂപ വീതം ലഭ്യമായപ്പോൾ ശേഷിക്കുന്ന 2 പേർ ആശങ്കയിൽ. 15 ലക്ഷം രൂപ വീതം ലഭിക്കാൻ അർഹതയുള്ളവരെന്ന് റവന്യു അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയ കൂത്താടിയിലെ ജോർജ് ചാമക്കുഴിയിൽ, സ്കറിയ കടത്തലക്കുന്നുമ്മേൽ എന്നിവരാണ് വില്ലേജ് ഓഫിസിലും ബാങ്കിലും കയറിയിറങ്ങി മടുത്ത് ഇനി എന്തു ചെയ്യണമെന്നറിയാതെ വലയുന്നത്.
വിലങ്ങാട് പാലൂരിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ കേടുവന്ന് വാസയോഗ്യമല്ലാതായ വീട്ടിൽത്തന്നെ ഇപ്പോഴും കഴിയുന്ന കടത്തലക്കുന്നുമ്മേൽ സകറിയയും ഭാര്യ മേരിക്കുട്ടിയും വീണ്ടും മഴ ശക്തിപ്പെടുന്നതിനു മുൻപൂ വീടിനു താങ്ങു കൊടുത്തു നിർത്തുന്നു.
കുത്താടിയിൽ മകളുടെ വീട്ടിലാണ് ജോർജ് ഇപ്പോൾ കഴിയുന്നത്. 6 വർഷം മുൻപ് ഭാര്യ മരിച്ചതാണ്.
അതിനിടെയാണ് ആലിമുലയിലെ വീട് ആദ്യത്തെ ഉരുൾപൊട്ടലിൽ തകർന്നത്. ജൂലൈയിലെ ഉരുൾ പൊട്ടലിലെ പ്രകമ്പനത്തിനിടയിൽ വീടു നിലം പൊത്തി. തകർന്ന വീട് ഇപ്പോഴും അതേ പടി കിടക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വിദഗ്‌ധരുമൊക്കെ തൻ്റെ വീടു വന്നു കണ്ടതാണെന്ന് ജോർജ് പറയുന്നു. 29 പേരുടെയും പണം ബാങ്കിൽ വന്നപ്പോൾ തന്റെയും സ്‌കറിയയുടെയും പണം മാത്രം വരാതിരിക്കാൻ കാരണം അന്വേഷിച്ച് അധികൃതർക്കു മുൻപിലെത്തിയപ്പോൾ ചിലരുടെ പരാതിയെ തുടർന്നാണ് തുക അനുവദിക്കാതിരുന്നതെന്നാണ് മറുപടി കിട്ടിയത്