ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും                           കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

  • ഏർളി ലാൻഡ്‌സ്‌ലൈഡ് വാണിങ് സിസ്റ്റം’ എന്നാണ് ഈ മാതൃകയുടെ പേര്

കൊയിലാണ്ടി: മുണ്ടക്കൈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ഒരു സാങ്കേതിക മാതൃക ശ്രദ്ധേയമാവുന്നു. 2019 ൽ നടുവണ്ണൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ ദേവ ശങ്കർ.എസ്.എം, ദേവ സാഗർ എന്നീ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതനാശയം അക്കൊല്ലം ശാസ്ത്ര മേളയിൽ സമ്മാനിതമായിരുന്നു.

പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പലതുണ്ടെങ്കിലും ഉരുൾപൊട്ടൽ പ്രാദേശികതലത്തിൽ പ്രവചിക്കാൻ പ്രായോഗികമായ സംവിധാനമില്ല. അതാണ് ദേവശങ്കറും ദേവസാഗറും അന്ന് അവതരിപ്പിച്ച് കയ്യടി നേടിയത്.

ദേവ ശങ്കർ.എസ്.എം

ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള ജനവാസ മേഖലയിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുന്നു. മഴ കനക്കുന്നതോടെ ടാങ്കിൽ വെള്ളം കൂടിക്കൂടി വരുമല്ലൊ. അതനുസരിച്ച് ഗ്രീൻ അലർട്ട്,യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട് എന്ന വിധത്തിൽ മുന്നറിയിപ്പ് അലാറം വലിയ ശബ്ദത്തിൽ മഴങ്ങുകയും താഴെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് അനൗൺസ്മെൻറ് ഉണ്ടാവുകയും ചെയ്യും. സെൻസർ അധിഷ്ഠിത സംവിധാനമാണിത്. മലയുടെ താഴെ ഭാഗത്ത് താമസിക്കുന്നവരുടെ മൊബൈൽ ഫോണിലും ഈ വാണിംഗ് ലഭ്യമാക്കാം. മഴയുടെ തോത് അനുസരിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിക്കുന്നതിനാൽ ആളുകൾക്ക് ഉരുൾപൊട്ടലിന് മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യമായ സമയം ലഭിക്കുന്നതാണ്.
ജനങ്ങളെ സംരക്ഷിത മേഖലകങ്ങളിലേക്ക് മാറ്റാനുള്ള സാവകാശം പ്രാദേശ ഭരണകൂടത്തിനും ലഭിക്കുന്നു.

ദേവ സാഗർ

സിക്കിമിലും നാഗാലാൻഡിലും പരീക്ഷിട്ടുള്ള ഈ മാതൃക കേരളത്തിലും വിജയകരമായി നടപ്പിലാക്കൻ കഴിയുമെന്ന് ഈ വിദ്യാർത്ഥികൾ 2019 ൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിലെ അശ്വതി ടീച്ചറാണ് പുതിയ ആശയം വിദ്യാർത്ഥികൾക്ക് നൽകി, വഴികാട്ടിയത്. പത്രമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ കണ്ടുപിടുത്തത്തിൻ്റെ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.

‘മഴയുടെ അളവനുസരിച്ച് താഴെ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഈ സംവിധാനം ചെയ്യുന്നത് . അതിവിശാലമായ ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയാൽ പലപ്പോഴും ഫലപ്രദമാവണമെന്നില്ല. ഒരു ചെറുപ്രദേശത്ത് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനം വളരെ ഉപയോഗപ്പെടും. ദുർബലമായ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് മാത്രം സ്ഥാപിച്ചാൽ മതിയാവും’ ദേവശങ്കർ പറയുന്നു. ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുണ്ടക്കൈ പോലുള്ള അതിതീവ്ര ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. സർക്കാറും ഗവേഷണ സ്ഥാപനങ്ങളും ഏറ്റെടുത്ത്, നടപ്പിലാക്കേണ്ടതാണ് ദേവ ശങ്കറിൻ്റെയും ദേവ സാഗറിൻറെയും, ജീവൻ്റെ വിലയുള്ള ഈ കണ്ടുപിടുത്തം.

കൊയിലാണ്ടി കാവുംവട്ടത്തെ റിട്ടയേർഡ് എസ്ഐ ഇ.മുരളീധരൻറെയും കൊയിലാണ്ടി ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക ശർമ്മിളയുടെയും മകനാണ് ദേവശങ്കർ. തളിപ്പറമ്പ് ജിഎസ്ടി ഓഫീസ് ഉദ്യോഗസ്ഥനായ ബിജുവിൻ്റെയും വിജയലക്ഷ്മിയുടെയും മകനാണ് ഉള്ളിയേരി സ്വദേശി ദേവസാഗർ. ഇരുവരും ഇപ്പോൾ പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രാഡ്വേഷന് പഠിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )