
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം;നിയമോപദേശം തേടാനൊരുങ്ങി സർക്കാർ
- ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം:എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശത്തിലാണ് ഉപദേശം തേടുന്നത്. ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. ഫീസ് തിരികെ നൽകുന്നതിനെ എതിർത്തുകൊണ്ട് മാനേജ്മെന്റുകൾ രംഗത്തെത്തിയിരുന്നു. നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകൾ.

കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത് 2024ലെ ഗ്രാഡ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് 54 മാസമാണ്. യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷൻ ഇടപെടൽ. വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് നിർദേശം.
