
ഓണപ്പൂവിളിയുമായി അത്തം പിറന്നു
അനുശ്രീ രാമചന്ദ്രൻ എഴുതുന്നു…✍️
- ഇത്തവണ 11 ദിവസവും പൂക്കളമൊരുക്കാം
ഓണപ്പൂക്കളവും ഓണക്കളികളും ആർപ്പുവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി. കലണ്ടർ പ്രകാരം ഇന്നലെയും ഇന്നും അത്തമാണ്. അത്തം തൊട്ട് പതിനൊന്നാം നാൾ തിരുവോണം. 11 ദിവസവും പൂക്കളമൊരുക്കാം.
നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. മലയാളികളുടെ പരമ്പരാഗത ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമാണ് ഓണം. ഇംഗ്ലീഷ് കലണ്ടറിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്.

പൂക്കളം ഒരുക്കുന്നത് ചിങ്ങത്തിലെ അത്തം നാൾ മുതലാണ്. തിരുവോണ ദിവസം വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് അത്തം മുതൽ പൂക്കളം ഒരുക്കുന്നത്. ‘ അത്തം പത്തോണം ‘ എന്നാണ് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളം ഒരുക്കുന്നു. മുമ്പെങ്ങോ മലനാട് ഭരിച്ചിരുന്നതായി കരുതുന്ന മാവേലി തമ്പുരാൻ്റെ (മഹാബലി) ജനക്ഷേമ ഭരണത്തിന്റെ ഓർമ്മയിലാണ് ഓണം ആഘോഷിക്കുന്നത്. അതേസമയം ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ജാതി മത ഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പൂ പറിക്കലും പൂക്കളം ഒരുക്കലും ഓണക്കളികളുമൊക്കെയായി ഒരു സാംസ്‌കാരിക ഉത്സവം തന്നെയാണ് മലയാളികൾക്ക് ഓണം.

കാലം മാറിയതിൻ്റെ ചില പ്രത്യേകതകളും ഓണത്തിനുണ്ട്. പുതിയ കാലത്തേക്ക് വരുമ്പോൾ കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ ഓണ നാളുകളിൽ ബന്ധുക്കൾ വീടുകളിൽ വരികയും എല്ലാവരും ഒന്നിച്ച് കൂടി കഴിഞ്ഞതിൻ്റെ ഓർമയിൽ ഓണം ആഘോഷിക്കുകയും ചെയ്യുന്നു. കുട്ടികൾ മുതൽ പ്രായമായവർ വരെ ഓണം ആഘോഷിക്കുന്നു. ആ നിലയ്ക്ക്, മാറുന്ന സമൂഹത്തിന് ഓണം ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കൽ കൂടിയാണ്. ഒപ്പം വിദ്യാർത്ഥികൾക്ക് അവധിക്കാലം കൂടിയായതിനാൽ എല്ലാവരും ഒരുമിച്ച് പൂ പറിക്കലും ഓണക്കളികളുമായി സന്തോഷം പങ്കിടുന്നു. വീടുകളിൽ ബന്ധുക്കൾ ഒരുമിച്ച് നാക്കിലയിട്ട് ഓണസദ്യ കഴിക്കുന്നത് ഇന്നും ഗൃഹാതുരത്വത്തോടെ തുടരുന്നു.

കൈകൊട്ടികളി, പുലികളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, തിരുവാതിര, വള്ളംകളി, തുടങ്ങി ഓണവുമായി ബന്ധപ്പെട്ട വിനോദങ്ങളും കലാകായിക പരിപാടികളും അനവധിയാണ്. ഓണാഘോഷത്തിൻ്റെ ഭാഗമായി നിരവധി ചടങ്ങുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളമുണ്ട് മലയാളക്കരയ്ക്ക്. ഓണപ്പൂക്കളം, തിരുവോണനാളിലെ ചടങ്ങുകൾ, തൃക്കാക്കരയപ്പനെ വരവേൽക്കൽ അങ്ങനെയങ്ങനെ…
മാവേലി ഐതിഹ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് തൃക്കാക്കരയപ്പനെ കുറിച്ചുള്ള ചരിത്ര പരാമർശങ്ങളും. തൃശ്ശൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണ ദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ ചടങ്ങുകളും പുലികളിയുമെല്ലാം ഓണത്തിൻ്റെ മായാത്ത അടയാളങ്ങളായി ഇന്നുമുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലേ ആഘോഷ പരിപാടികൾ തുടങ്ങുന്നു.