
ഓവർപാസ് നിർമാണത്തിന്പൈപ്പ് ലൈൻ തടസം,മാറ്റാൻ വേണ്ടത് 5 കോടി
- എസ്റ്റിമേറ്റ് ലഭിക്കാൻ വൈകുന്നത് ബൈപ്പാസ് നിർമാണത്തെ കാര്യമായി ബാധിക്കാൻ കാരണമാകും
കോഴിക്കോട്: പൈപ്പ് ലൈൻ മാറ്റാൻ അഞ്ചുകോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജല അതോറിറ്റി. കോഴിക്കോട് വേങ്ങേരി ജങ്ഷനിലെ ഓവർപാസിന് തടസ്സം നിൽക്കുന്ന ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ മാറ്റാനാണ് അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
സബ് ഡിവിഷനിൽ നിന്ന് കോഴിക്കോട് ഡിവിഷനിലേക്ക് എസ്റ്റിമേറ്റ് കൈമാറി. നിലവിൽ എക്സിക്യുട്ടീവ് എഞ്ചിനിയറുടെ കൈവശമാണ് തയ്യാറാക്കിയ എസ്റ്റിമേറ്റുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾ പൂർത്തിയായതിന് ശേഷമാണ് ദേശീയപാത അതോറിറ്റിക്ക് കൈമാറുക. പെരുവണ്ണാമൂഴിയിൽനിന്നു വരുന്ന 1.8 മീറ്റർ വ്യാസമുള്ള പൈപ്പ് ലൈനുകളാണ് മാറ്റിസ്ഥാപിക്കുക.
എസ്റ്റിമേറ്റ് ലഭിക്കാൻ വൈകുന്നത് ബൈപ്പാസ് നിർമാണത്തെ കാര്യമായി ബാധിക്കാൻ കാരണമാകും. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടനെ അതുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് ദേശീയപാത അതോറിറ്റി
അധികൃതർ പറഞ്ഞു. ഓവർപാസ് നിർമാണം നടക്കുന്ന വേളയിലാണ് തടസ്സം നിൽക്കുന്ന ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.