
കക്കയം ഡാം ഇക്കോ ടൂറിസം സെന്റർ 10 ന് തുറക്കും
- അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 20 മുതലാണ് ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത്
ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഇക്കോ ടൂറിസം സെൻ്റർ 10ന് തുറക്കും. ടൂറിസം സെന്ററിലെ ചിൽഡ്രൻസ് പാർക്കിൽ വെച്ച് അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 20 മുതലാണ് ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത്.
അതേ സമയം കാട്ടുപോത്തിന്റെ ഭീഷണി കാരണം ടൂറിസം സെന്റർ മൂന്നര മാസത്തോളമായി അടച്ചിട്ടപ്പോൾ ഇവിടത്തെ താൽക്കാലിക വനംവകുപ്പ് ഗൈഡുകൾ ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. ഡാം സൈറ്റിൽ കെഎസ്ഇബിക്ക് കീഴിലുള്ള ഹൈഡൽ ടൂറിസം സെൻ്റർ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചതോടെ വിനോദ സഞ്ചാരികളുടെ തിരക്കും കൂടിയിട്ടുണ്ട്.
ഇക്കോ ടൂറിസം സെൻ്ററും പ്രവർത്തനം തുടങ്ങുന്നതോടെ വനത്തിനുള്ളിലായുള്ള കക്കയം ഉരക്കുഴി വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾക്ക് കഴിയും. ഇവിടേക്കുള്ള യാത്രക്ക് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ കെ.എം. സചിൻ ദേവ് എംഎൽഎ, പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ എൻ. പ്രബീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി. വിജിത്ത്, സുനിൽ പാറപ്പുറം, മുജീബ്, സിബി എന്നിവർ പങ്കെടുത്തു.