കലിയൻ – കാർഷിക സംസ്കൃതിയുടെ ആചാരം

കലിയൻ – കാർഷിക സംസ്കൃതിയുടെ ആചാരം

രമേഷ് ബാബു ചെറിയമങ്ങാട് എഴുതുന്നു ✍🏽

ന്നും നമ്മുടെ ജീവിതത്തെയും സമൂഹത്തെയും കൂട്ടു കൂടലിനെയും പൂരിപ്പിക്കുന്ന ചിലതാണ് ഉർവ്വരതാഘോഷങ്ങൾ. പൊട്ടി പുറത്ത് ശീപോതി അകത്ത്, കർക്കടകവാവ്, ഇരുപത്തെട്ടും കാവൂച്ചി.. തുടങ്ങിയവ അതിൽപ്പെടും. വിരസത മാറ്റി,ഉണ്മയുടെ ഊർജ്ജം പകരുന്ന ചില അനുഷ്ഠാനങ്ങൾ. അതിലൊന്നാണ് കലിയൻ –
കൊയിലാണ്ടി മേഖലയിലെ കാർഷിക സംസ്കാരത്തിലെ ഒരാചാരം. കടലോരങ്ങളിലും കലിയൻ ആചരിച്ചുവന്നു. കടപ്പുറത്തെ ഒരു ഉർവ്വരതാ അനുഷ്ഠാനമാണ് കലിയൻ സംക്രമം. അണ്ടിക്കലിയൻ എന്നും പറയും.

ഇന്നാണ്,മിഥുന മാസം. അവസാന ദിവസമാണ് ഇത് ആഘോഷിക്കുന്നത്. പിറ്റേന്ന് കർക്കടകം പുലരുകയായ്‌.
അതിരാവിലെ അടുത്തുള്ള തോട്ടിൻ കരയിലോ, പറമ്പിലോ നിന്ന് വെളിച്ചേമ്പ് മുരടോടെ പറിച്ചു കൊണ്ടു വന്ന് പുരപ്പുറത്തും മറ്റും വലിച്ചെറിയുന്നു.ഫല ധാന്യ മത്സ്യ സമൃദ്ധി കുന്നോളം ഉയരട്ടെ എന്നായിരിക്കാം ഉദ്ദേശിക്കുന്നത്.

രാത്രിയാകുമ്പോൾ, ചിരട്ടയിൽ ചോറും മീൻ കറിയും, മറ്റൊന്നിൽ മധുരം വച്ചതും ( വൻപയർ,ശർക്കര, ഏലക്കായ,തേങ്ങ – ഇവ ചേർത്തുണ്ടാക്കുന്നത് ),
മംഗളവസ്തുവായി വെറ്റിലടക്കയും വീട്ടു മുറ്റത്ത് കൊണ്ടു പോയ് വക്കുന്നു.

ഇവ വെക്കാൻ കൊണ്ടു പോകുമ്പോൾ, കുട്ടികൾ കൂട്ടമായി കലിയനെ വിളിക്കുന്നു,കലിയാ കലിയാ കൂയ്‌,അമ്മാട്ടേo മണങ്ങും മാലിൽ ചുറ്റി കൊണ്ടത്താ… ഇവിടെ മീൻ സമൃദ്ധിക്കു വേണ്ടി കലിയനോട് പ്രാർത്ഥിക്കുകയാണ്. ഇതു സ്വീകരിക്കാൻ കലിയൻ രാത്രിയിൽ നായയുടെ രൂപത്തിൽ വരുമെന്നാണ് വിശ്വാസം.

കലിയൻ എന്നത് ശിവന്റെ ഒരു രൂപം മാറലാണ് എന്നു പറഞ്ഞു കേൾക്കുന്നു.*കോപം,രൗദ്രം എന്നീ അർത്ഥങ്ങളിലുള്ള ‘കലി’എന്ന ശബ്ദത്തോട് ‘അൻ’ പ്രത്യയം ചേർത്ത് കലിയൻ എന്ന പദം നിഷ്പാദിപ്പിക്കാം. അപ്പോൾ ആ പദത്തിന് രുദ്രൻ, ശിവൻ എന്നെല്ലാം അർത്ഥം. ശൈവഭൂതങ്ങളിലൊന്നായ ഭൈരവന്റെ വാഹനമാണ് നായ. തമിഴ്നാട്ടിൽ ശൈവ സമുദായത്തിൽ പെട്ടവർക്ക് കലിയൻ എന്ന പേര് സാധാരണമാണ്. കലിയനു കൊടുക്കൽ എന്ന ചടങ്ങിൽ,ഒരു വേള പ്രാചീനമായ പൂർവികാരാധനയും പിൽക്കാലത്തെ ശൈവാരാധനയും ( saiva cult ) ലയിച്ചു ചേർന്നിരിക്കാം. ഈ ഊഹം ശരിയാണെങ്കിൽ സമ്പൽസമൃദ്ധിക്കു വേണ്ടിയുള്ള ഒരു ഉർവരാനുഷ്ഠാനത്തിൽ പ്രാചീന തമിഴകത്തെ ഉർവര ദേവതകളിലൊന്നായ ശിവനെ കേന്ദ്രമാക്കുന്നത് ഉചിതം തന്നെ …

*കലിയനും കൂട്ടരും:ഉത്തര കേരളത്തിലെ ഉർവരാരാധന. രാഘവവാരിയർ, രാജൻ ഗുരുക്കൾ എന്നിവർ ചേർന്നെഴുതിയ മിത്തും സമൂഹവും എന്ന പുസ്തകം.

പൂർവ്വ സംസ്കൃതിയുടെ തിരി വെട്ടത്തിൽ നിന്നും,ഈടുവെപ്പിൽ നിന്നും ഇപ്പോഴും പകർന്നു കിട്ടുന്ന പ്രകാശവിസ്മയം !

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )