
കുടിവെള്ള പൈപ്പ പൊട്ടിയത് നന്നാക്കിയില്ല;റോഡിൽ ടാറിങ് മുടങ്ങി
- റോഡിൽ പൈപ്പ് പൊട്ടിയ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്
കാക്കൂർ : റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ടും നന്നാക്കാത്തതിനാൽ ടാറിങ് പ്രവൃത്തി തടസ്സപ്പെട്ടു. കാക്കൂരിലെ മഠത്തിൽ കോളനി റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടിക്കിടക്കുന്നത്.
ഈ ഭാഗത്ത് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചതുമൂലം ഒരുഭാഗം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങളിൽ ടാറിങ് പ്രവൃത്തി നടന്നുവരികയാണ്.എന്നാൽ, മഠത്തിൽ കോളനി റോഡിൽ വലിയ മെറ്റലുകൾ ഇറക്കിയിട്ടതല്ലാതെ പൈപ്പ് പൊട്ടിയത് നന്നാക്കാതെ ടാറിങ് നടത്തില്ലെന്ന് ഗ്യാസ് അധികൃതർ അറിയിച്ചു.
റോഡിൽ പൈപ്പ് പൊട്ടിയ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓവുചാലില്ലാത്തതിനാൽ മഴക്കാലമായാൽ റോഡ് വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്. പൈപ്പ് പൊട്ടിയ വിഷയം ജല അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന മറുപടിയാണ് ലഭിച്ചത്.