കുട്ടികളുടെ സുരക്ഷ; ജില്ലയിൽ സ്കൂൾ വാഹന പരിശോധന ആരംഭിച്ചു

കുട്ടികളുടെ സുരക്ഷ; ജില്ലയിൽ സ്കൂൾ വാഹന പരിശോധന ആരംഭിച്ചു

  • സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് പത്തുവർഷത്തെ ഡ്രൈവിങ് പരിചയം വേണം

കോഴിക്കോട്: വേനലാവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത യാത്രയൊരുക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു കഴിഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 500-ലധികം സ്കൂൾ ബസുകളുണ്ട്.

സബ് ആർടി ഓഫീസുകളുടെ പരിധിയിലുള്ള സ്കൂളുകളുടെ വാഹനങ്ങളും അതത് ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് പരിശോധിക്കുക. സ്കൂൾ തുറക്കുന്നതിനുമുന്നേ എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്ന് കോഴിക്കോട് ആർടിഒ പി.ആർ. സുമേഷ് പറഞ്ഞു. പരിശോധന തുടങ്ങി. ഫിറ്റ്നസ് പരിശോധനയിൽ വീഴ്ച സംഭവിച്ച വാഹനങ്ങൾ പ്രശ്നം പരിഹരിച്ചശേഷം വീണ്ടും ഹാജരാക്കാൻ ആവ ശ്യപ്പെട്ടിടും.

സ്കൂളുകളിലെത്തിയാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. അതിനുപുറമേ ഓഫീസ് പരിധിയിലെ ഗ്രൗണ്ടുകളിൽ വാഹനങ്ങളുമായി എത്താൻ നിർദേശം നൽകും. കോഴിക്കോട് ആർടി ഓഫീസ് പരിധിയിലെ സ്കൂൾ വാഹനങ്ങൾ 29-ന് രാവിലെ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധനയുണ്ടാകും.

കൊയിലാണ്ടി സബ് ആർടി ഓഫീസിനു കീഴിലെ സ്കൂൾബസുകളുടെ ഫിറ്റ്നസ് പരിശോധന ഇന്നലെ പയ്യോളി ഗവ. ഹൈസ്കൂളിൽ നടത്തി. വാഹനങ്ങളുടെ ടയർ തേയ്മാനം, വൈപ്പർ, ലൈറ്റുകൾ, ബ്രേക്ക്, സീറ്റുകൾ എന്നിവയാണ് പരിശോധിക്കുക.

സ്കൂൾവാഹനം ഓടിക്കുന്ന ഡ്രൈവർക്ക് പത്തുവർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനം ഓടിക്കുന്നവരാണെങ്കിൽ അഞ്ചുവർഷത്തെ പരിചയവും ആവശ്യമാണ്. വിദ്യാഭ്യാസ വാഹനങ്ങളുടെ മുന്നിലും പിന്നിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുകയും വേണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )