
കുട്ടികൾ മയക്കുമരുന്നിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണം- നൗഷാദ് ഇബ്രാഹിം
- ചനിയേരി മാപ്പിള എൽ.പി സ്കൂൾ നൂറാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നൗഷാദ് ഇബ്രാഹിം
കൊയിലാണ്ടി:രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ.പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു.സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി.ഹസീബ റിപ്പോർട്ട് വായിച്ചു.എൽ.എസ്.എസ് നേടിയ എ.ബി.അദ്നാൻ, മുഹമ്മദ് റിസ് വാൻ, എസ്.ആർ.ആദ്യ, അയൻരാജ് എന്നീ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നൗഷാദ് ഇബ്രാഹിം നിർവഹിച്ചു. കുട്ടികൾ മയക്കുമരുന്നിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണമെന്ന് സിനിമാതാരം നൗഷാദ് ഇബ്രാഹിം പറഞ്ഞു. പ്രതിസന്ധികളിൽ അകപ്പെടുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ അവർക്ക് പിന്തുണ നൽകി സ്വയം പര്യാപ്തമാക്ക വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചനിയേരി മാപ്പിള എൽ.പി സ്കൂൾ നൂറാം വാർഷികാഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡ് കൗൺസിലർ കേളോത്ത് വത്സരാജ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.സുധാകരൻ, ടി.വി.ആലി, വി.കെ.മുകുന്ദൻ, എൻ.കെ.അബ്ദുൽ റൗഫ് മുൻ പ്രധാന അധ്യാപകൻ എൻ.എം.നാരായണൻ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് എം.സി.ഷബീർ, വി.എം.സിറാജ്, സ്‌കൂൾ മാനേജർ പി.അബ്ദുൽ അസീസ്, കെ.കെ.ഷുക്കൂർ മാസ്റ്റർ, സിദ്ദിഖ് വെട്ടിപ്പാണ്ടി, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഡ് കൗൺസിലറും സംഘാടക സമിതി ചെയർപേഴ്സണുമായ സി.പ്രഭ ടീച്ചർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി.മുസ്‌തഫ നന്ദിയും പറഞ്ഞു. അങ്കണവാടി, സ്‌കൂൾ നഴ്‌സറി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വാർഷികാഘോഷത്തിന്റെ മുന്നോടിയായി രക്ഷിതാക്കൾക്ക് നടത്തിയ ഫുഡ് ഫെസ്റ്റിൽ വിജയികളായ മുഹ്‌സിന അജ്മൽ, റസ്ലാന, ജസ്‌ന ഫിറോസ് എന്നിവർക്കും, പേരിടൽ മത്സരത്തിൽ വിജയിയായ ജസ്‌ന ഫിറോസിനും നഴ്‌സറി, കെ.ജി, എൽ.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ശനിയാഴ്ച നടന്ന വിദ്യാഭ്യാസ സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.പി.സത്യൻ ഉദ്ഘാടനം ചെയ്‌തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നവാസ് മന്നൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ബിന്ദു പിലാക്കാട്ട്, ടി.കെ.ഷീന, സി.പ്രഭ ടീച്ചർ, പ്രധാന അധ്യാപകരായ സി.ഗോപകുമാർ, എം.മോഹൻ കുമാർ, എം.രാമകൃഷ്ണൻ, വി.എൻ.ബാബുരാജ്, സി.എം.ഹംസ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.സി.ഷബീർ സ്വാഗതവും പ്രധാന അധ്യാപിക പി. ഹസീബ നന്ദിയും പറഞ്ഞു.