
കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കരുത്; മുഖ്യമന്ത്രി
- ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ചേലക്കര: മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര എൽഡിഎഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. നിരവധി ജില്ലകളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണത്. ഏതുജില്ലയിൽ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലുമൊരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായിട്ടാണ് കാണേണ്ടത്. അത് സമുദായത്തിന്റെ പെടലിക്ക് വെക്കേണ്ടതില്ല. അങ്ങനെ സമുദായത്തിൻ്റെ പെടലിക്ക് വെക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ല. ആർ.എസ്എസ്സും സംഘപരിവാരും ആഗ്രഹിക്കുന്നത് വർഗീയചേരിതിരിവുണ്ടാക്കലാണ്. ഈ പ്രചരണം വർഗീയചേരിതിരിവ് ഉണ്ടാക്കുന്നതിന് സഹായകമല്ലേ? അത്തരത്തിലുള്ള പ്രചരണമാണോ ഇത്തരം കാര്യങ്ങളിൽ നടത്തേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.