
കൂടരഞ്ഞിയിൽ പകർച്ചവ്യാധി ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്
- ഡെങ്കിപ്പനി , മഞ്ഞപ്പിത്തം എന്നിവയ്ക്കാണ് വ്യാപന സാധ്യത
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധികൾക്കെതിരെ ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
14 വാർഡുകളിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ പടരുന്ന സാഹചര്യമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഉടൻ പരിശോധിക്കാൻ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട് . വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട് .
പൊതുജനങ്ങൾ കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനുവേണ്ടി ആവശ്യമായ സുരക്ഷ മുൻകരുതലുകൾ എടുക്കുക . തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക. വിവിധ വാർഡുകളിൽ ഉറവിട നശീകരണം നടത്തുക , കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കുക , ഫോഗിങ് എന്നിവ നടത്തുക തുടങ്ങിയ വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തംഗങ്ങളെ ചുമതല പ്പെടുത്തിയിട്ടുണ്ട് .
അതേ സമയം സുരക്ഷാമുന്നൊരുക്ക പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട്
ഓരോ വാർഡിനും 20000 രൂപ വീതം വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾക്ക് പഞ്ചായത്ത് അനുവദിച്ചു. കൂടരഞ്ഞി അങ്ങാടിയിൽ നടന്ന ഫോഗിങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആദർശ് ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസ്ലി, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ, ആദിഷ് എന്നിവർ നേതൃത്വം നൽകി.