കേരളത്തിലെ മികച്ച ഫുട്ബോൾ താരമായി കൂരാച്ചുണ്ടിന്റെ അർജുൻ

കേരളത്തിലെ മികച്ച ഫുട്ബോൾ താരമായി കൂരാച്ചുണ്ടിന്റെ അർജുൻ

  • തുടർച്ചയായി രണ്ടാം വർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ ജില്ലയിൽ നിന്നുള്ള ഏക കളിക്കാരൻ കൂടിയാണ് അർജുൻ

കൂരാച്ചുണ്ട്: കേരള ഫുട്ബോൾ അസോസിയേഷൻ്റെ 2023- 24 വർഷത്തിലെ പുരുഷവിഭാഗത്തിലെ മികച്ച സീനിയർ ഫുട്ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിൽ വെച്ചു നടന്ന സംസ്ഥാന അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗത്തിൽ ഷീൽഡും സ്വർണമെഡലും ഉൾപ്പടെയുള്ള പുരസ്കാരം അർജുൻ ഏറ്റുവാങ്ങി. അരുണാചൽ പ്രദേശിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിനുവേണ്ടിയും കേരള പ്രീമിയർലീഗിൽ കെഎസ്ഇബിക്കു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് അർജുനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കേരളടീമിലും അർജുൻ ഉണ്ടായിരുന്നു. സന്തോഷ് ട്രോഫി ടൂർണ മെന്റിൽ കേരളത്തിനുവേണ്ടി ഗോൾ സ്കോർ ചെയ്തിരുന്ന അർജുൻ ടീം ക്യാപ്റ്റനായിരുന്ന നിജോ ആൽബർട്ട് പരിക്കു മൂലം സർവീസസിനെതിരായ മത്സരത്തിൽ കളിക്കാതിരുന്നപ്പോൾ നായകനുമായിമാറി. തുടർച്ചയായി രണ്ടാംവർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ അർജുൻ ജില്ലയിൽ നിന്നുള്ള ഏക കളിക്കാരൻ കൂടിയാണ്.

മലയോര കുടിയേറ്റഗ്രാമമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ അർജുൻ പൂവത്തും ചോല നടുക്കണ്ടിപറമ്പിൽ ബാലകൃഷ്ണൻ -ബീന ദമ്പതിമാരുടെ മകനാണ്.

മണിപ്പൂരിൽ നടന്ന അണ്ടർ 13 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സ്പോൺസർമാരുടെ സഹകരണത്തോടെ ഖത്തർ, ദുബായ് രാജ്യങ്ങളിൽ മത്സരത്തിൽ പങ്കെടുതിട്ടുണ്ട് അർജുൻ. വൈദ്യുതിഭവൻ ഹെഡ്ക്വാർട്ടേഴ്സ‌ിൽ ജോലിചെയ്യുന്ന അർജുന് ലഭിച്ച അംഗീകാരം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )