
കേരളത്തിലേക്ക് പുതിയ മെമു ട്രെയിൻ വരുന്നു
- പുതിയ മെമു സ്പെഷ്യൽ സർവീസ് അടുത്ത തിങ്കളാഴ്‌ച ആരംഭിക്കും
തിരുവനന്തപുരം :യാത്രാ ദുരിതത്തിന് പരിഹാരമായി മെമു ട്രെയിൻ വരുന്നു. കൊല്ലം എറണാകുളം റൂട്ടിൽ തിരക്ക് മൂലം ട്രെയിൻ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ പതിവായപ്പോഴാണ് പാസഞ്ചർ ട്രെയിൻ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയിരുന്നു.
ഇന്നലെ കൊല്ലം – എറണാകുളം മെമു ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ വിജ്ഞാപനം ഇറക്കിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് മെമു സ്പെഷ്യൽ സർവീസ് നടത്തുക.ഒക്ടോബർ ഏഴ് തിങ്കളാഴ്‌ച മുതൽ 2025 ജനുവരി 03 വെള്ളിയാഴ്‌ച വരെ 73 ട്രിപ്പുകളാണ് ഇരുദിശകളിലേക്കും മെമു സർവീസ് നടത്തുക. ഉത്സവകാല തിരക്ക് കൂടി കണക്കിലെടുത്താണ് സ്പെഷ്യൽ മെമു സർവീസെന്നാണ് ദക്ഷിണ റെയിൽവേ പറയുന്നത്. കൊല്ലത്ത് നിന്ന് ദിവസവും രാവിലെ 6:15നാണ് മെമു സർവീസ് ആരംഭിക്കുക. 9:35ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. 9:50ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:30ന് കൊല്ലത്ത് എത്തിച്ചേരും. കോട്ടയം വഴിയാണ്പുതിയ മെമു സർവീസ് ആരംഭിക്കുന്നതോടെ പാലരുവി എക്സ്പ്രസിലെയും വേണാട് എക്സ്പ്രസിലെയും തിരക്കിന് കുറവുണ്ടാകും. സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും. നേരത്തെ ട്രെയിൻ യാത്രാ ദുരിതം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു.