
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം
- പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിനെത്തി
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്ത്. പരാതിക്കാർക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീർഥാടകർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സർക്കാർ വകുപ്പുകൾ, ദേവസ്വം ബോർഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മ പ്രവർത്തനത്തിന്റെ ഫലമാണ്. തീർത്ഥാടനവുമായി ബന്ധപ്പെട്ട ആദ്യഘട്ട യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത നിർദ്ദേശങ്ങൾ നൽകി. ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ക്രമീകരണങ്ങൾ നടപ്പാക്കി.വാഹന പാർക്കിംഗ്, തീർത്ഥാടകർക്ക് നിൽക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകൾ, അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി.

നിലയ്ക്കലും എരുമേലിയിലും അധികമായി പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 25 ലക്ഷത്തിലധികം ഭക്തർക്ക് ഭക്ഷണം നൽകി.പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിനെത്തി.ജനുവരി 18 വരെ 52 ലക്ഷം ഭക്തർ എത്തി. വരുമാനത്തിലും ഗണ്യമായ വര്ധനവ് ഉണ്ടായി. പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ ഭക്തജനത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു.
