
കൊയിലാണ്ടി ബൈപാസ്സ്: യാത്രാക്ലേശത്തിനെതിരെ പ്രത്യക്ഷ സമരം
- ഇന്ന് വൈകുന്നേരം 4 മണിക്ക് പന്തലായിനികാട്ടുവയൽ റോഡിൽ ജനകീയ പ്രതിഷേധ സംഗമം
കൊയിലാണ്ടി: കൊയിലാണ്ടി ബൈപാസ്സ് നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന യാത്രാക്ലേശത്തിനെതിരെ സമരം സംഘടിപ്പിക്കാൻ ഗതാഗത സംരക്ഷണ സമിതി. ബൈപാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസപ്പെടുന്ന സാഹചര്യത്തിലാണ് സമരമെന്ന് സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പന്തലായനി-വിയ്യൂർ റോഡ്, കാട്ടുവയൽ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവക്ക് കുറുകേയാണ് ബൈപാസ് കടന്നുപോകുന്നത്. ഏഴര മീറ്റർ ഉയരത്തിലുള്ള റോഡ് ഇതുകാരണം ബൈപാസിന്റെ ഇരുഭാഗത്തുകാർക്കും കൊയിലാണ്ടി ടൗൺ, പന്തലായനി അഘോര ശിവക്ഷേത്രം, പന്തലായിനി ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബിഇഎം യുപി സ്‌കൂൾ, ആർ. ശങ്കർ മെമ്മോറിയൽ കോളജ്, ഗുരുദേവ മെമ്മോറിയൽ കോളജ്, മിനി സിവിൽ സ്റ്റേഷൻ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേക്കും പടിഞ്ഞാറ് വശത്തുള്ളവർക്ക് പെരുവട്ടൂർ യു.പി.സ്കൂൾ, അമൃത വിദ്യാലയം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കും പോകാൻ കഴിയാതെ അവസ്ഥയിലാണ്.

ബൈപാസിന്റെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറ് എത്താൻ കാട്ടുവയൽ റോഡിൽ ഒരു ബോക്‌സ് കൾവെർട്ട് സ്ഥാപിക്കണമെന്ന സംരക്ഷണ സമിതിയുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ തടസവാദങ്ങളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്. തുടക്കമെന്ന നിലയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് പന്തലായിനി കാട്ടുവയൽ റോഡിൽ ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്ത് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. .
