
കൊയിലാണ്ടി ഹാർബർ- രണ്ടാം ഘട്ട വികസന പ്രവർത്തനം തുടങ്ങി
- ഡ്രജിങ് ഒഴികെയുള്ള പ്രവൃത്തികൾ കരാറെടുത്തത് ഊരാളിങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്
കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ടവികസന പ്രവർത്തികൾ തുടങ്ങി. 2020-ൽ അടിസ്ഥാന ഘടകങ്ങൾ മാത്രം പൂർത്തിയാക്കിയാണ് ഹാർബർ ഉദ്ഘാടനം ചെയ്തത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി മത്സ്യത്താെഴിലാളികളുടെ ഭാഗത്ത് നിന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നു. തൊഴിലാളി സംഘടനകൾ സർക്കാറിലേക്ക് നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
ഹാർബർ കമ്മീഷൻ ചെയ്തതിന് ശേഷം മത്സ്യ ബന്ധന യാനങ്ങളുടെ എണ്ണവും വലിയതോതിൽ വർധിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ലോക്കർ മുറികൾ, നെറ്റ് മെൻഡിങ് ഷെഡ്, വിശ്രമമന്ദിരം, ബർത്തിങ് ജെട്ടി, പാർക്കിങ് ഏരിയ, റോഡ്, നിലവിലുള്ള നിർമ്മിതിയുടെ അറ്റകുറ്റപണികൾ, വൈദ്യുതീകരണം, കോൾഡ്‌സ്റ്റോറേജ്, ജലവിതരണം, സി.ടി.വി, ഡ്രഡ്ജി ങ് എന്നിവ പി.എം.എം.എസ്. വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാറിലേക്ക് പ്രൊപ്പോസൽ അയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അറുപത് ശതമാനം കേന്ദ്ര സർക്കാരും നാൽപ്പത് ശതമാനം കേരള സർക്കാരും ചെലവ് വഹിക്കും.
വിവിധ ഘടകങ്ങളുടെ നിർമ്മാണത്തിന് 20.90 കോടി രൂപയും ഡ്രഡ്ജിങിന് 5.88 രൂപയ്ക്കും ഭരണാനുമതി നല്കിയിരുന്നു. ഹാർബറിൽ യാനങ്ങളുടെ എണ്ണം കൂടിയതിനാൽ മീൻ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികൾ കാത്ത് നിൽക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി 100 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലും ബർത്തിങ് ജെട്ടിയുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. പൈലിങ് ജോലി പൂർത്തിയായി കൊണ്ടിരിക്കയാണ്. ഹാർബറിൻ്റെ തെക്ക് ഭാഗത്ത് ഹാർബർ ബേസിനിൽ വലിയ തോതിൽ മണ്ണടിഞ്ഞ് കൂടിയിരിക്കയാണ്. 50- ഹെക്ടർ ഭാഗത്താണ് മണ്ണ് രൂപപ്പെട്ടത്. 2019- ലെ പ്രളയത്തെ തുടർന്നാണ് വൻതോതിലാണ് മണ്ണ് അടിഞ്ഞത്. അതോടെ ഹാർബറിൻ്റെ ആഴം ഗണ്യമായി കുറഞ്ഞിരുന്നു.
ഈ ചെളി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. 2.28- ലക്ഷം ക്യൂബിക് മീറ്റർ ഡ്രഡ്ജിങ് ആണ് നടക്കുന്നത്. ചെളി ഹാർബറിൽ നിന്ന് മുറിച്ചെടുത്ത് വടക്ക് ഭാഗത്തേക്ക് പൈപ്പ്ലൈൻ വഴി തള്ളുകയാണ് ചെയ്യുന്നത്. ചെളി നിറഞ്ഞതിനാൽ ഇത് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹാർബർ ആൻ്റ് എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് എഞ്ചിനീയർ എം.എസ്. രാകേഷ് പറഞ്ഞു. മൺസൂൺ തുടങ്ങുന്നതിന് മുമ്പ് ഡ്രഡ്ജിങ് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കടലിൻ്റെ സവിശേഷത നിമിത്ത മണ്ണടിഞ്ഞു കൂടുന്ന പ്രതിഭാസം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു മണ്ണെടുത്ത് മാറ്റിയാൽ മൺസൂൺ കാലത്ത് ബോട്ടുകൾക്കും വള്ളങ്ങൾക്കും സുരക്ഷിതമായി നങ്കൂരമിടാൻ കഴിയും. മത്സ്യ തൊഴിലാളികളുടെയും ബോട്ടുകളുടെയും ആശങ്കൾക്ക് ഇതോടെ പരിഹാരമാകു മെന്നാണ് പ്രതീക്ഷ. ഡ്രജിങ് ഒഴികെയുള്ള പ്രവൃത്തികൾ കരാറെടുത്തത് ഊരാളിങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.